ആനയും ആനപ്രേമിസംഘവും
ആ അമ്മ ആന മരിച്ചു എന്നത് വളരെ ഏറെ വേദനിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്. ഞാന്‍ അറിഞ്ഞിടത്തോളം പാലക്കാട്, തിരുവിഴാംകുന്ന് - അമ്പലപ്പാറ വെച്ചാണ് പ്രസ്തുത സംഭവം നടന്നത്. പക്ഷേ പലരും ഇൗ വിഷയം മലപ്പുറം ജില്ലയിലാക്കി ഘോര ഘോരം പ്രസംഗിച്ച് ആളുകളെ മൊത്തം ക്രൂശിക്കാൻ വാര്‍ത്തകൾ പടച്ച് വിടുന്നത് കണ്ടു. ആന പ്രേമികളുടെ ഒരു നിര തന്നെ വാട്ട്സാപ്പിലും ഫേസ്ബുക്കിലും നെറ്റിപ്പട്ടം കെട്ടി ഇറങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ല ആവുമ്പോൾ അതിലെ രാഷ്ട്രീയം മതം എല്ലാം കൂടി എടുത്തിട്ടാൽ സംഭവം കൊഴുക്കും എന്നുള്ളത് കൊണ്ടാണോ എന്നറിയില്ല...അതോ മറ്റു കാരണങ്ങൾ ഉണ്ടോ എന്നും അറിയില്ല...നാഷണൽ വാർത്ത ചാനലുകൾ വരെ മലപ്പുറം എന്ന് പറയുന്നത് കണ്ടിരുന്നു... പക്ഷേ സ്ഥലം പാലക്കാട് ആണ്.
നമ്മൾ കാണുന്ന എല്ലാ വാർത്തകൾക്കും രണ്ട് വശങ്ങള്‍ ഉണ്ടായിരിക്കും മിക്കപ്പോഴും.... തള്ളേ തല്ലിയാലും രണ്ട് ചേരി എന്ന പോലെ... ഒരു ആനയെ മനപ്പൂര്‍വ്വം ഇങ്ങനെ കൊല്ലാൻ ശ്രമിച്ചു എന്നത് ആദ്യമേ ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
സത്യാവസ്ഥ എന്തെന്നാല്‍, മുണ്ട് മുറുക്കി ഉടുത്ത് പട്ടിണി കിടന്നായാലും കൃഷി അല്ലാതെ മറ്റൊന്നും ഇല്ല എന്ന് ചിന്തിച്ചു മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകർ അവരുടെ വിളനിലം നശിപ്പിക്കാന്‍ വരുന്ന കാട്ടു പന്നികളെ കുടുക്കാൻ വേണ്ടി വെച്ച പൈനാപ്പിൾ പടക്കമാണ് പിടിയാന കഴിച്ചത്...പടക്കം വെച്ചവരോ ആ മിണ്ടാപ്രാണിയോ അത് പ്രതീക്ഷിച്ച് കാണില്ല. സംഭവിച്ചു പോയി.... അതിയായ ദുഃഖമുണ്ട് ഇങ്ങനെ നടന്നു പോയതിൽ... പുഴയില്‍ തല താഴ്ത്തി നിസ്സഹായായി നിക്കുന്ന അമ്മയെ കണ്ടപ്പോള്‍ നെഞ്ച് പിടഞ്ഞ് പോയി...
ഇനി ആ കർഷകരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ.... ആകെ കൂടിയുള്ള വരുമാനം കൃഷിയാണ്. അതിൽ നിന്ന് കിട്ടുന്നത് കൊണ്ട് വേണം ഒരു കുടുംബത്തിന് കഴിയാൻ...ഒരുപാട് പേരുടെ വയർ നിറക്കുന്നത് ഇൗ വിള നിലങ്ങൾ ആണ്.
എന്റെ നാട്ടിലും, പാടത്ത് രാത്രി ഇറങ്ങുന്ന പന്നികളെ ഓടിക്കാനും കുടുക്കാനും ആയി ഇത്തരം പലതും ചെയ്യുന്നത് കണ്ടിട്ടുണ്ട്....
അപ്പോൾ ഈ ഒരു ഏര്‍പ്പാട് കാലാകാലങ്ങളായി ചെയത് പോരുന്നതാണ്.
ഇനി കാള പെറ്റു എന്ന് കേട്ടപ്പോഴേക്കും കയര്‍ എടുക്കാന്‍ ഓടിയവരോട്... കൃത്യമായി കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് നിങ്ങൾ ഈ അറഞ്ചം പുറഞ്ചം സ്റ്റാറ്റസുകളിട്ട് കൊടുമ്പിരി കൊണ്ടത് സുഹൃത്തുക്കളെ.
തമ്പുരാന്‍ എഴുന്നള്ളി എന്നും പറഞ്ഞു ആനയെ വച്ച് ടിക്ടോക് ചെയ്ത്, പെണ്ണിന് പകരം ആന പിണ്ഡത്തെ പ്രേമിക്കുന്നവർ ഞങൾ എന്ന് പറഞ്ഞു നടക്കുന്ന ആന പ്രേമികളെ.... കാട്ടില്‍ സ്വസ്ഥമായി വിഹരിക്കുന്ന ജീവിയെ പിടിച്ചു മെരുക്കി നാട്ടില്‍ കൊണ്ട് വന്ന് പൊള്ളുന്ന വെയിലത്തു നെറ്റിപ്പട്ടവും കെട്ടി ചട്ടം പഠിപ്പിച്ച് തടി എടുപ്പിക്കാന്‍ കൊണ്ട് പോയി നിങ്ങള്‍ ചെയ്യുന്ന ക്രൂരത ഏത് ഗണത്തില്‍ പെടും? നിങ്ങളും ആന പ്രേമികൾ എന്ന ഓമന പേരിൽ ഈ മിണ്ടാപ്രാണിയെ ഉപദ്രവിക്കുകയല്ലേ.... ആന കാട്ടിലാണ് ജീവിക്കേണ്ടത്. ആനകള്‍ക്ക് എതിരെ ഉള്ള ക്രൂരതകൾക്ക് എതിരെ എത്ര പേര്‍ ഇവിടെ കൊടി പിടിക്കുന്നുണ്ട്?
നീയൊക്കെ കാണിക്കുന്നതിനേക്കാൾ വലിയ വിരോധാഭാസം വേറെ എന്തുണ്ട്? ഇൗ ആനക്ക് പകരം മരിച്ചത് ഒരു കാട്ടുപന്നി ആയിരുന്നേൽ ഇത്ര മാത്രം sensation ഇവിടെ ഉണ്ടവുമായിരുന്നോ??
നബി: കേരളത്തിനു പുറത്തുള്ള, ഉത്തരേന്ത്യൻ പരിഷ്കാരികളുടെ വേവലാതികൾ വേറെ... സാക്ഷര കേരളത്തിനെ പ്രതിക്കൂട്ടിൽ നിർത്താൻ കിട്ടിയ അവസരം പാഴാക്കാൻ കഴിയില്ലല്ലോ നിങ്ങള്ക്ക് ല്ലെ.
സ്വന്തം നാട്ടിലെ പ്രശ്നങ്ങളിൽ പ്രതികരിക്കാൻ നിങ്ങള്ക്ക് ഇതുപോലെ വ്യഗ്രത ഉണ്ടോ എന്തോ!!!
വിഷ്ണു നളിനി

Comments
Post a Comment