നിലപാട്
പെണ്‍മക്കള്‍ ഉണ്ടായാല്‍ അവരെ കെട്ടിച്ച് വിടുന്നത് വരെ ഇരിക്കപ്പൊറുതിയില്ലാത്തവരെ......
നിങ്ങള്‍ക്ക് നേരം വെളുക്കണമെങ്കിൽ ഇനിയും എത്ര ഉത്രമാരെ ബലി കൊടുക്കണം....?
കൂടെ പഠിച്ചവരിൽ വിരലില്‍ എണ്ണാവുന്നത്രയും പെണ്‍കുട്ടികൾ മാത്രമാണ് ഇപ്പോഴും അവിവാഹിതരായിട്ടുള്ളത്. പലരും കോഴ്സ് തീരുന്നതിന് മുമ്പോ അല്ലെങ്കില്‍ കോഴ്സ് തീര്‍ന്നുടനെ കല്യാണം കഴിച്ചു പോകുന്നത് കണ്ടിട്ടുണ്ട്. ഒരു ജോലി ആയിട്ട് പോരായിരുന്നോ എന്ന ചോദ്യത്തിന് വീട്ടുകാരുടെ തിരക്ക് എന്ന ഉത്തരമാണ് കിട്ടാറുള്ളൂ.കഷ്ടപ്പെട്ട് വളര്‍ത്തിയ മക്കളെ ഇത്ര പെട്ടെന്നു മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കാൻ ഇത്ര ധൃതി എന്തിനാണ്? പെണ്‍മക്കള്‍ ജനിച്ച് അവരെ കല്യാണം കഴിപ്പിച്ചു കൊടുക്കുന്നത് വരെ നിങ്ങള്‍ എന്തിനാണ് ആധി പിടിക്കുന്നത്? 28 വയസ്സിനു മുമ്പേ നിങ്ങളുടെ മകളുടെ കല്യാണം കഴിഞ്ഞില്ലെങ്കിൽ അവള്‍ക്കു നഷ്ടപ്പെടാൻ പോകുന്നത് എന്താണ്?
ഒരു ജോലി എന്നുള്ളത് പലരുടെയും സ്വപ്നം ആണ്. ആദ്യം കിട്ടിയ ജോലിയില്‍ തന്നെ എല്ലാവർക്കും നേരേ നിൽക്കാൻ കഴിയണം എന്നില്ല. പഠിപ്പ് കഴിയുന്നത് വരെ എങ്ങനെ എങ്കിലും കാത്തിരുന്നിട്ട് അത് കഴിഞ്ഞുടനെ കല്യാണം കഴിപ്പിച്ചു കൊടുത്ത് എന്തോ ഒരു ചടങ്ങ് പോലെ നിങ്ങള്‍ നിങ്ങളുടെ കടമ നിര്‍വഹിച്ചു എന്നാണ് നിങ്ങള്‍ ഇപ്പോഴും കരുതുന്നതെങ്കിൽ പെണ്‍മക്കളോട് ചെയ്യുന്ന അനീതി ആണ് അത്.അടുത്തത് കല്യാണം ആഘോഷമാക്കാൻ വേണ്ടി ഓടുന്നവരോടാണ്.... കല്യാണം ഒന്നേ ഉള്ളൂ എന്ന് പറഞ്ഞു കൊണ്ട് കടം വാങ്ങിയും വീട് പണയപ്പെടുത്തിയും പെടാപ്പാട് പെടുന്നത് എന്തിനാണ്?
ഞാൻ എന്റെ മോൾക്ക് ഇത്ര സ്വര്‍ണ്ണം കൊടുത്തു...ഇത്ര പേരെ ക്ഷണിച്ചു... ഇത്ര വലിയ സദ്യ നടത്തി.... എന്നൊക്കെ വീരവാദം മുഴക്കാനാണോ...?
ആ കാശ് കൊണ്ട് നിങ്ങള്‍ അവള്‍ക്ക് വേണ്ട വിദ്യാഭ്യാസം കൊടുക്കുക... അവളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തയാക്കുക... അവളെ അവളുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകാന്‍ അനുവദിക്കുക..പിന്നെ സ്ത്രീധനം ഒന്നും വേണ്ട എന്ന് ചെക്കന്‍ പറഞ്ഞാലും ഒന്നും കൊടുത്തില്ലെങ്കിൽ നമ്മൾ മോശക്കാരാവില്ലേ എന്ന ചിന്തകൾക്കൊക്കെ ഒക്കെ ചവറ്റുകുട്ടയിലാണ് സ്ഥാനം. ഒരു പെണ്‍കുട്ടിയ്ക്ക് നിങ്ങള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ കാര്യം വിദ്യാഭ്യാസമാണ്. അതൊരിക്കലും 101 പവന്‍ സ്വര്‍ണ്ണം കൊണ്ട് നിങ്ങള്‍ക്ക് കഴിയില്ല. പിന്നെ പെണ്ണിനെ പൈസ പറഞ്ഞു വാങ്ങി കുടുംബം നോക്കാന്‍ നില്‍ക്കുന്ന ആണിന്റെ അന്തസ്സ്...! നിനക്ക് ഒന്നും സ്വന്തം കുടുംബം ഒറ്റക്ക് നോക്കാന്‍ പറ്റില്ലെങ്കിൽ പിന്നെ നീയൊക്കെ എന്തിനാ കല്യാണം കഴിച്ച് പെണ്‍പ്പിള്ളേരുടെ ജീവിതം കൊഞ്ഞാട്ടയാക്കാൻ നില്‍ക്കുന്നത്?
പിന്നെ ഉള്ളത് കലിപ്പൻറെ കാന്താരിമാരാവാൻ കാത്തുകെട്ടിരിക്കുന്നവരോടാണ്.... എന്റെ പൊന്നു കുഞ്ഞുങ്ങളെ ഈ ലോകത്ത് കല്യാണം ഒന്നും അല്ല വലിയ കാര്യം... കല്യാണം കഴിക്കുകയും കുട്ടികളെ പ്രസവിക്കുന്നതും ഒക്കെ ജീവിതത്തിന്റെ ഭാഗം മാത്രമാണ്. അത് മാത്രമല്ല ജീവിതം. നിങ്ങള്‍ നന്നായി പഠിച്ച് പറ്റുന്നൊരു ജോലി വാങ്ങുക. സ്വന്തം ആവശ്യങ്ങള്‍ക്ക് മറ്റൊരാളുടെ മുമ്പില്‍ കൈ നീട്ടുന്ന അത്രയും ഗതികേട് വേറെ ഒന്നുമില്ല.
നാളെ എനിക്കും ഒരു കല്യാണം ഉണ്ടായേക്കാം... പ്രിയപ്പെട്ട നാട്ടുകാരെ, നിങ്ങളെ നാടടക്കം ക്ഷണിച്ച് രണ്ട് കൂട്ടം പായസമടക്കമുള്ള സദ്യ വിളമ്പി നിങ്ങളുടെ കുറ്റം പറച്ചിലുകൾ കേള്‍ക്കാന്‍ എനിക്ക് താല്‍പര്യം ഇല്ല. ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ആരായാലും.... പൊന്നു മോളെ... സ്വന്തം ആയിട്ട് ഒരു ജോലി ആദ്യം വാങ്ങിക്കൂ... ഞാൻ കഴിച്ച ഫുഡിന് നീ പേ ചെയ്താൽ ഇടിഞ്ഞ് വീഴുന്ന ആകാശമൊന്നും എനിക്ക് ഇല്ല. നിന്റെ ആവശ്യങ്ങള്‍ക്കായി എന്റെ മുന്നില്‍ കൈ നീട്ടാന്‍ ഉളള ഇട വരുത്താതിരിക്കാൻ ശ്രമിക്കൂ. നാളെ എനിക്കോ നിനക്കോ സാമ്പത്തികമായി എന്തെങ്കിലും ഒരു crisis വന്നാലും അതിനെ നേരിടണമെങ്കിൽ നമുക്ക് രണ്ടു പേര്‍ക്കും ഒരു വരുമാനം ഉണ്ടായേ തീരൂ. ഞാന്‍ എന്ന വ്യക്തിയെ ഡിപ്പെൻട് ചെയുന്ന ഒരുവള്‍ ആവരുത് എന്നുണ്ട്. പിന്നെ നീ കല്യാണത്തിന് സ്വര്‍ണ്ണം ഇടണോ വേണ്ടയോ എന്നതൊക്കെ നിന്റെ മാത്രം തീരുമാനങ്ങളാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും മുറുമുറുപ്പുകളെയും പേടിച്ച് കൊണ്ട് തീരുമാനം എടുക്കുന്നവളാകാതിരിക്കുക. ഇനിയിപ്പോ താൻ home maker എന്ന ഒരു option ആണ് choose ചെയുന്നതെങ്കിൽ കൂടി ഞാന്‍ ആ ഒരു ഡെസിസ്ഥനെ utmost respect ചെയ്യും.
പ്രിയപ്പെട്ട മാതാപിതാക്കളെ ഒരു പെണ്ണിന് ഏറ്റവും ഉയരത്തിൽ ഏത്തിപ്പിടിക്കാൻ കഴിയുന്ന സ്ഥാനം ഭാര്യയും അമ്മയും ഒന്നും അല്ല. അവർ അവരുടെ ജീവിതം choose ചെയ്യട്ടെ... പറക്കാന്‍ കഴിയുന്നിടത്തോളം പറക്കട്ടെ... തെരഞ്ഞെടുത്ത ജീവിതം ജീവിക്കുന്നതിലാണ് സന്തോഷം... ഒരാൾ കൂടെ വേണം എന്ന് തോന്നുമ്പോള്‍ ആ വ്യക്തിയെ തെരഞ്ഞെടുക്കാന്‍ ഉള്ള അവകാശം അവര്‍ക്ക് നല്‍കുക. പൈസ എറിഞ്ഞ് നിങ്ങള്‍ വാങ്ങി കൊടുക്കുന്ന കളിപ്പാട്ടത്തിനൊരിക്കലും ആ ഒരു സന്തോഷം നല്‍കാനാവില്ല
വിഷ്ണു നളിനി

Comments
Post a Comment