മേഘാലയിലെ എലിമാളം
പല അജണ്ടകളേയും മുന്‍നിര്‍ത്തി മുഖ്യധാര മാധ്യമങ്ങൾ സ്ത്രീ സമത്വവും രാഷ്ട്രീയ പങ്ക് കച്ചവടവും ഉള്‍പ്പടെ പലതും മത്സരിച്ച് പ്രസിദ്ധീകരിക്കുമ്പോൾ എന്ത് കൊണ്ടാണ് ചില വാര്‍ത്തകളും മനുഷ്യരും അവരുടെ കണ്‍മുന്നില്‍ ഇടം പിടിക്കാത്താത്? പ്രസ്ഥാനങ്ങളിൽ നിന്നും ആർഭാടങ്ങളിൽ നിന്നും എല്ലാം വിട്ട് വ്യക്തികളിലേക്കും അവരുടെ ദുഖങ്ങളിലേക്കും ക്യാമറ കണ്ണുകള്‍ തുറക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
തായ്‌ലാന്‍ഡിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും ഇസ്രായേലിന് വേണ്ടിയും whatsapp സ്റ്റാറ്റസുകളും പ്രാര്‍ത്ഥനകളും നല്‍കിയ നമ്മൾ നമ്മുടെ രാജ്യത്തെ മേഘാലയിൽ അകപ്പെട്ട 15-ഓളം ഖനി തൊഴിലാളികളെ പറ്റി ഒരു പക്ഷേ അറിഞ്ഞ് കാണാൻ വഴിയില്ല.അഥവാ ഇത്തരം റേറ്റിംഗ് കുറഞ്ഞ ആരുടെയും അജണ്ടകളിൽപ്പെടാത്ത കാര്യങ്ങൾ നമ്മുടെ മുന്നില്‍ എത്തിച്ചിട്ടില്ല. അന്തി ചര്‍ച്ചകളില്‍ ഒളി ക്യാമറ വെച്ച് കിട്ടിയ രംഗങ്ങളിൽ വാ തോരാതെ കൊഴുപ്പിക്കുന്നതാണ് ഇന്നത്തെ മാധ്യമധര്‍മ്മം. ഇന്ന് ജനങ്ങൾ എത് തരത്തിലുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കണം എന്നും എന്തിനെതിരെ പ്രതികരിക്കണമെന്നും തീരുമാനിക്കുന്നത് ഇവിടത്തെ മാധ്യമങ്ങളാണ്. കാരണം ഇവിടെ എല്ലാം കാപട്യം മാത്രമാണ്. അതുകൊണ്ട് തന്നെയാണ് മേഘാലയിലെ ഖനിയിൽ അകപ്പെട്ട കുടിയേറ്റക്കാരായ 15 തൊഴിലാളികളെ പറ്റി നമ്മൾ അറിയാതെ പോയതും.
ഇക്കഴിഞ്ഞ ഡിസംബര്‍ 13 നാണ് മേഘാലയിലെ ജയന്തിയ കുന്നുകളില്‍ അനധികൃത ഖനിയിൽ തൊഴിലാളികള്‍ അകപ്പെട്ടത്. എലി മാളം പോലെ ഉള്ള ഖനികളാണ് ഇവിടെ ഭൂരിഭാഗവും. തുച്ഛമായ ശമ്പളം നല്‍കി തൊഴിലാളികളെ അടിമ പണി ചെയ്യിപ്പിക്കുന്നത് ഭരണകൂടത്തിന്റെയും രാഷ്ട്രീയക്കാരുടെയും അറിവോടും സഹായത്തോടും കൂടിയാണ്.
ഈ ദുരന്തം സംഭവിച്ചത് അടുത്തുളള നദിയില്‍ നിന്നുള്ള വെള്ളം ഖനി മുഖത്തേക്ക് കുത്തിയൊലിച്ചതാണ്. അഞ്ച് തൊഴിലാളികള്‍ രക്ഷപെട്ടു. പതിനഞ്ചുപേരാണ് അതില്‍പ്പെട്ടുപോയത്. വാര്‍ത്ത പുറത്തുവന്നതോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതാണ്. എന്‍ ഡി ആര്‍ എഫും സംസ്ഥാനത്തിന്റെ രക്ഷാപ്രവര്‍ത്തന സംവിധാനത്തെയും അപ്പോള്‍ തന്നെ വിന്യസിച്ചിരുന്നു. വെള്ളം പുറത്തേക്കു ഒഴുക്കിവിട്ടിട്ടും വലിയ പ്രയോജനമുണ്ടായില്ല. സുപ്രീം കോടതി രണ്ടു വട്ടമായി രക്ഷപ്രവര്‍ത്തനത്തില്‍ തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തി.
കുടിയേറി പാര്‍ക്കുന്നവരാണ് ഇത്തരം ഖനികളിൽ പണിയെടുക്കുന്നത്. തൊഴിലാളികളുടെ ജാതിയും മതവും പറയുന്നത് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതായി തോന്നുമെങ്കിലും അത് മറച്ച് വെക്കേണ്ട ഒന്നല്ല. കാരണം കുടിയേറ്റക്കാരായ മുസ്ലിങ്ങളാണ് തൊഴിലാളികള്‍. ആസാമിലെ ചിറാങ്ങ് ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് നിന്നാണ് ജീവനോപാധി തേടി മേഘാലയയിലെ ഖനന തൊഴിലിലേക്ക് ഇവര്‍ എത്തപ്പെട്ടത്. അസ്സമില്‍ പുതുതായി രേഖപ്പെടുത്തി വരുന്ന ദേശീയ ജനാസംഖ്യ രജിസ്റ്ററില്‍ ഉള്‍പ്പെടാനുള്ള വിഷമകരമായ പ്രക്രിയയിലൂടെ അവര്‍ കടന്നുപോവുകയാണ്.അനധികൃത കുടിയേറ്റക്കാരായി തന്നെ ഒരു പക്ഷെ അവര്‍ക്ക് തുടരേണ്ടി വന്നേക്കാം. അത്തരമൊരു അവസ്ഥയില്‍ ജീവിതം തന്നെ വളരെ വിഷമകരമായിരിക്കും. അതിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത് അവരുടെ ദാരിദ്ര്യസ്ഥിതിയാണ്- ഭൂമിയോ വീടോ അതായത് ജനസംഖ്യ രജിസ്റ്ററില്‍ പേര്‍ ചേര്‍ക്കാനുള്ള ഉപാധികള്‍ ഒന്നും തന്നെ അവരുടെ കൈവശമില്ല.ഈയൊരു ഗതികെട്ട അവസ്ഥയിലാണ് എലിമാള ഖനനത്തിനായി അവര്‍ക്ക് പോകേണ്ടി വരുന്നത്. ആയിരത്തിയഞ്ഞൂറു രൂപ ദിവസവേതനമായി ലഭിക്കുന്നതുകൊണ്ടാണ് ഏറെ ബുദ്ധിമുട്ടും അപായകരവുമായ ഈ ജോലിക്ക് അവര്‍ പോകുന്നത് എന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്. ഖനിയിലൂടെ കൽക്കരി കയറ്റി മുകളിലേക്ക് ഇഴഞ്ഞിറങ്ങുകയും കയറുകയും വിധം വളരെയധികം കാഠിന്യമേറിയ തൊഴിലാണിത്.
എക്കാലത്തെയും ഏറ്റവും വലിയ ദുരന്തം ഒറ്റക്കെട്ടായി നെഞ്ച് വിരിച്ച് നേരിട്ട് അതിജീവനത്തിനായി പോരാടി ഉയിര്‍ത്തെഴുന്നേറ്റവരാണ് നമ്മൾ മലയാളികൾ. മാധ്യമ സ്വാധീനം ഏറെയുള്ള നാടാണിത്. പ്രതികരണങ്ങൾ കൊണ്ട് മാത്രം വിപ്ലവകരമായ പല മുന്നേറ്റങ്ങളും നടന്ന് വന്ന കേരളം. പക്ഷേ മേഘാലയിലെ ഈ ദരിദ്ര തൊഴിലാളികള്‍ക്ക് വേണ്ടി എവിടെയും മാധ്യമങ്ങള്‍ ചർച്ചകൾ നടത്തുന്നില്ല. നമ്മുടെ നാടിനു പുറമെ ആണെങ്കിലും ദുരന്തങ്ങളിൽ മനസ്സ് കൊണ്ടെങ്കിലും സഹായിക്കാന്‍ ഓടിയെത്തുന്ന നമ്മൾ ഇനിയും പ്രതികരിക്കാതിരുന്നു കൂടാ.... മരണത്തെ നേരിട്ട് കൊണ്ടിരിക്കുന്ന ആ തൊഴിലാളികളിലേക്ക് വേണ്ടി ഈ ലോകത്തെ മുഴുവന്‍ നമുക്ക് ആ എലി മാളത്തിലേക്ക് എത്തിക്കാൻ കഴിയും. ആ പാവങ്ങളായ തൊഴിലാളികള്‍ രക്ഷിക്കാന്‍ നമുക്കും കടമയുണ്ട്. ദൈവം ഇരിക്കുന്നത് നമ്മൾ ഓരോ മനുഷ്യരിലുമാണ്. നമ്മൾ അവരെ അവഗണിച്ചാൽ തോറ്റു പോകുന്നത് മതേതര ഭാരതമാണ്.പത്രങ്ങളിലെ ആദ്യ പേജുകളിൽ അച്ചടിച്ച് വരേണ്ടത് ഇന്ത്യ എന്ന രാജ്യത്തിന്റെ നിലനില്പിന്റെ വെല്ലുവിളികളാണ്. അല്ലാതെ കുതിര പന്തയം പോലെയുള്ള രാഷ്ട്രീയ വാര്‍ത്തകളും പോര്‍വിളികളുമല്ല. 1975ലെ ചസ്നാല ആവര്‍ത്തിക്കാതിരിക്കട്ടെ..
വിഷ്ണു നളിനി

Comments
Post a Comment