പ്രവാസി മലയാളി
ഓരോ തവണ ബെന്യാമിന്റെ ആടുജീവിതം വായിക്കുമ്പോഴും മനസ്സിനെ വല്ലാതെ മുറിപ്പെടുത്തുന്ന ഒന്നാണ് പ്രവാസി ജീവിതം. അപ്പോഴൊക്കെയും ഓര്‍ക്കാറുള്ളത് പ്രവാസികളായ സുഹൃത്തുക്കളെയും ബന്ധുക്കളെയുമാണ്. ബെന്യാമിൻ സൂചിപ്പിക്കുന്നത് പോലെ നമ്മൾ അനുഭവിക്കാത്ത ജീവിതം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. സ്വന്തം മണ്ണിലെ വേരറുത്ത് അതിജീവനത്തിനായി രക്തം ചൂട് പിടിപ്പിക്കുന്ന യൗവനത്തിൽ അതിനേക്കാളേറെ ചൂട് പൊരിയുന്ന മരുഭൂമിയില്‍ എത്തിപ്പെട്ടവർ.
ഒരുപാട് പ്രവാസി ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് ജീവിതത്തില്‍. അച്ഛൻ ഗൾഫിലാണെന്ന് പറഞ്ഞ കൂട്ടുകാർ പലരും ഇന്ന് മണലാരണ്യങ്ങളിലാണ്.സ്വന്തം സുഹൃത്തിന്റെ ജീവിതമാണ് ഞാനും എന്റെ വരികളിൽ ഉള്‍പ്പെടുത്തുന്നത്.
പഠിത്തം കഴിയുന്നത് വരെ നാട്ടിൽ എന്തിനുമേതിനും കൂടെ ഉണ്ടായിരുന്നവൻ. അന്നൊക്കെ എന്നെ വീട്ടിൽ കണ്ടില്ലെങ്കിൽ പിന്നെ അവന്റെ അടുത്ത് ആയിരുന്നു അന്വേഷണം. ലാലേട്ടന്റെ പടം fdfs കാണാനും പൂരപ്പറമ്പിൽ പോയി കമന്റടിക്കാനും സൊറ പറയാനും കുളത്തിൽ കുളിക്കാനും അങ്ങനെ എല്ലാത്തിലും ഒപ്പമുണ്ടായിരുന്നവൻറെ വില തിരിച്ചറിഞ്ഞത് പിന്നീട് അവന്‍ പ്രവാസി എന്ന പട്ടം സ്വീകരിച്ചപ്പോഴാണ്.വിദ്യാഭ്യാസവും കഴിവുമുള്ള ഒരു ശരാശരിക്കാരന് സ്വന്തം രാജ്യത്ത് ഒരു വിലയും കിട്ടാതെയാകുമ്പോൾ, പഠിപ്പിന് പറ്റിയ ജോലിയോ ശമ്പളമോ കിട്ടാതെ വരുമ്പോൾ, നാട്ടുകാരുടെ "ഇവിടെ കളിച്ച് നടക്കാതെ പുറത്തേക്ക് നോക്കിക്കൂടെ" എന്ന നാട്ടുകാരുടെ സ്ഥിരം കുത്തിത്തിരിപ്പും കൂടെയാകുമ്പോൾ അവനും പെട്ടി പാക്ക് ചെയ്യേണ്ടി വരികയാണ്. എയർപ്പോർട്ടിന് പുറത്ത് നിന്ന് അവനോട് യാത്ര പറഞ്ഞു പോരും. പിന്നെ കോണ്ടാക്റ്റൊക്കെ വിരളമാണ്. 2 വർഷം കഴിയുമ്പോള്‍ അവന്‍ കൊണ്ട് വരുന്ന ഗൾഫ് ഐറ്റംസിന് വേണ്ടിയുള്ള കാത്തിരിപ്പാണ് പിന്നീട്. അപ്പോഴേക്കും ദുബായിൽ സുഖിച്ചു ജീവിക്കുന്നവനായി അവന്‍ ചിത്രീകരിക്കപ്പെട്ടിരിക്കും.
കണ്ണ് കലങ്ങി മനസ്സില്‍ ബുർജ് ഖലീഫയോളം പ്രതീക്ഷകൾ തേടി പോയവര്‍ പറയുന്ന ഒരു വാക്കുണ്ട്, ഏറിയാൽ 5 വര്‍ഷം....അത് കഴിഞ്ഞാല്‍ നമുക്ക് നാട്ടില്‍ എന്തെങ്കിലും പരിപാടി സെറ്റ് ചെയ്യണമെന്ന്. പ്രവാസിയായ ഓരോരുത്തരും മനസ്സിൽ തുരുമ്പിച്ച വാക്കാണത്. യൗവനത്തിൽ വിമാനം കയറിയവർ പിന്നെ തിരിച്ചിറങ്ങുന്നത് ശരീരം പോലും അവരെ വെറുത്ത് തുടങ്ങുമ്പോഴാണ്.പച്ചവെള്ളത്തിൽ ഖുബൂസ് കഴിച്ച് അവന്‍ വിശപ്പ് നിയന്ത്രിക്കുന്നത് സ്വന്തം കുടുംബം 3 നേരം വയറ് നിറച്ച് കഴിക്കാനാണ്. നാട്ടിലെ കാലാവസ്ഥ ഒന്ന് ചൂട് പിടിച്ചാല്‍ തന്നെ ശരീരം ക്ഷീണിക്കുന്ന നമ്മൾ മനപ്പൂര്‍വ്വം എങ്കിലും ഓര്‍ക്കാതെ പോവുന്നത് മരുഭൂമിയില്‍ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ പെടാപ്പാട് പെടുന്ന പ്രവാസികളെ. ഒരു പക്ഷേ ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും രാജ്യങ്ങളുടേയും വേര്‍തിരിവുകളില്ലാതെ മനുഷ്യര്‍ എന്ന വികാരം ഏറ്റവും ഉള്‍ക്കൊള്ളുന്നത് പ്രവാസികളാണ്.ഓരോ പ്രവാസിയും ആ മണ്ണിൽ ജീവിക്കുന്നത് വെറും ശരീരമായി മാത്രമാണ്. മനസ്സും ഓര്‍മ്മകളും എല്ലാം അവര്‍ നാട്ടിന്‍പുറത്തെ കവലകളിൽ തന്നെ നിര്‍ത്തി വിമാനം കയറിയവരാണ്. നാട്ടില്‍ വരുമ്പോൾ അത് ആഘോഷമാക്കാൻ കാത്തിരിക്കുന്ന പ്രിയപ്പെട്ടവർക്ക് സ്വന്തം ചോര നീരാക്കിയ പലതും അവര്‍ സമ്മാനിക്കുമ്പോൾ സ്വന്തം ജീവിതത്തെയും മോഹങ്ങളെയും അവർ കുഴിച്ച് മൂടുകയാണ്.
പണ്ട് വിമാനം കാണുമ്പോള്‍ ഉണ്ടായിരുന്ന കൗതുകം ഇന്ന് നെഞ്ചിലെ തീയായി മാറുകയാണ്. ഒരിക്കലും ഇഷ്ടപ്പെടാത്ത എന്നാൽ ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങളല്ലില്ലാതെയായാൽ ഞാനും ഒരു പ്രവാസിയായി മാറേണ്ടി വരും എന്ന ചിന്ത അലോസരപ്പെടുത്തി കൊണ്ടിരിക്കുകയാണ്.വാക്കുകളിൽ ഒതുങ്ങുന്നതല്ല നിങ്ങള്‍ പ്രവാസികളുടെ ജീവിതം. അനുഭവങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഒരുപാട് പറയാനുണ്ടാകും. നിങ്ങളുടെ വിയര്‍പ്പ് കൊണ്ട് ഉണ്ടാക്കിയ സമ്മാനങ്ങളേക്കാൾ ഞങ്ങൾ കാത്തിരിക്കുന്നത് നമ്മൾ ഒരുമിച്ചു നടന്ന ആ കുറച്ച് നിമിഷങ്ങളിൽ നീ ഒന്ന് ഉള്ള് തുറന്നു ചിരിച്ചു കാണാനാണ്.
ഒരു പക്ഷേ ഭാരതത്തില്‍ നാം നേരിടുന്ന തൊഴിലില്ലായ്മയാണ് പ്രവാസികളെ ജനിപ്പിക്കാൻ കാരണമാകുന്നുണ്ട്. സ്വന്തം നാടിനോളം മറ്റൊന്നും ഇല്ല എന്ന് അറിഞ്ഞും ഇന്ത്യൻ നിർമ്മിത അടിമകളെ പോലെ പ്രവാസിയാവാൻ നമ്മൾ ഓരോരുത്തരേയും പ്രേരിപ്പിക്കുന്നത് തൊഴിലില്ലായ്മയാണ്. വരുംതലമുറയെങ്കിലും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് പ്രവാസികളാവാൻ വിധിക്കപ്പെടരുതെന്ന പ്രാര്‍ത്ഥനയോടെ
വിഷ്ണു നളിനി

Comments
Post a Comment