National farmers day
ഉണ്ണുന്നതിനും ഉറങ്ങുന്നതിനും ഓരോ ദിവസങ്ങൾ കണ്ടുപിടിക്കുന്ന നമുക്ക് യാതൊരു പ്രത്യേകതയും ഇല്ലാതെ കടന്നു പോയ ഒരു ദിവസമായിരുന്നു ഡിസംബർ 23 കർഷക ദിനം. ഭാരതത്തിന്റെ തണ്ടും തടിയുമാണ് കൃഷിയും കാര്‍ഷിക സംസ്കാരവും. ഓരോ നെൽമണിയിലും അത് കഴിക്കേണ്ട ആളുടെ പേരുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ആ നെൽമണി എവിടെ ഉണ്ടാവുന്നെന്ന് ഈ കഴിക്കുന്നവരാരും ചിന്തിക്കാറില്ല. ചിന്തിച്ചാലും ആ ഒരു നെൽമണി ആയിരം നെൽമണികളായി കൊയ്തെടുക്കുന്ന കര്‍ഷകന്റെ ദുരിതത്തെ പറ്റി ഓര്‍ക്കുന്നവർ വിരളമാണ്. ഇങ്ങനെ ഒരു ദിവസം കർഷകർക്ക് വേണ്ടി ഉണ്ടെന്ന് ഞാൻ അറിഞ്ഞത് തന്നെ ഈ കഴിഞ്ഞ ദിവസമാണ്. കുത്തരി ചോറിനേക്കാൾ ഇന്നത്തെ തലമുറ ഇഷ്ടപ്പെടുന്നത് പാശ്ചാത്യ നാടിന്റെ ബര്‍ഗറും പിസയുമാണ്. ചോറിനേക്കാൾ എന്ത് കൊണ്ടും പിസക്കാണ് സോഷ്യൽ സ്റ്റാറ്റസ് നല്‍കാന്‍ കഴിയുക.
കൃഷിക്കാരാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല് എന്ന് ഘോരമായി പ്രസംഗിക്കുന്നതിനോടൊപ്പം, നട്ടെല്ലിന്റെ സ്ഥാനം പോലെ പിന്നില്‍ തന്നെയാണ് നമ്മുടെ കാര്‍ഷിക മേഖലയും. പുത്തന്‍ തലമുറയ്ക്ക് ജോലി എന്നാൽ വൈറ്റ് കോളേർഡ് ജോബ് മാത്രമായി മാറുകയും കൃഷി അവര്‍ക്ക് അഭിമാനക്ഷതം എന്നല്ല അവരുടെ വിദൂര ചിന്തകളിൽ പോലും ഇല്ലാതായി കൊണ്ടിരിക്കുകയാണ്.
പണ്ട് വീട്ടിലെ പറമ്പില്‍ നെല്ലും വാഴയും അടയ്ക്കയും എല്ലാം ഉണ്ടായിരുന്നു. പിന്നീട് ആ പാടവും വളപ്പുമെല്ലാം നികത്തിയും വളച്ച് കെട്ടിയുമാണ് ഇപ്പോഴുള്ള വീട് പണിതത്. ഇക്കാലത്ത് കൃഷിയൊക്കെ ആര് നോക്കി നടത്തും എന്നായിരുന്നു അമ്മമ്മയുടെ നിലപാട്. ഞാൻ എന്റെ ബാല്യം ഓടി തീർത്തത് ആ വയലുകളിലെ ചളിയിലും കവുങ്ങിന്റെ ചുവട്ടിലും വാഴ പിണ്ടിയിൽ അശോക ചക്രവർത്തിയായ എന്റെ ഉടവാള്‍ കുത്തിയിറക്കിയുമാണ്. വലുതാകും തോറും എന്റെ ബാല്യത്തോടൊപ്പം ആ മണ്ണും മണവും കൃഷിയുമൊക്കെയാണ് എനിക്ക് നഷ്ടപ്പെട്ടത്. അധ്വാനിക്കുന്ന തൊഴിലാളി വിഭാഗങ്ങളെയും ജിമ്മിൽ പോകാത്ത ഉറച്ച ശരീരങ്ങളെയും ഞാൻ കണ്ടത് ഇത്തരം ചളിയിൽ സൂര്യനെ പോലും വക വെക്കാതെ ചോര നീരാക്കി മണ്ണിനോട് പടവെട്ടി അതില്‍ വസന്തം കൊണ്ടുവന്ന ഈ നട്ടെല്ലുകളെയാണ്.
ഏറ്റവുമധികം കർഷക ആത്മഹത്യ നടക്കുന്ന രാജ്യമാണ് ഭാരതം. കടം വാങ്ങിയും പണയം വെച്ചും രാപ്പകലില്ലാതെ മറ്റുള്ളവനും കൂടി അന്നം എത്തിക്കാന്‍ പണിയെടുത്ത് അവഗണന മാത്രം പ്രതിഫലമായി ലഭിക്കുന്ന, തലയോട്ടിയും ആത്മഹത്യകളും കൊണ്ട് രാജ്യത്തിന്റെ തലസ്ഥാനം വരെ കാല്‍നടയായി പ്രതിഷേധിക്കുന്ന കർഷകരുടെ ഭാരതം.
കൃഷി ചെയ്യേണ്ടത് വിദ്യാഭ്യാസം ഇല്ലാത്തവരാണെന്ന കാഴ്ചപ്പാടിൽ നിന്ന് നമ്മൾ ഇനിയും കര കയറിയിട്ടില്ല. ഇന്നും നമ്മളില്‍ പലരുടേയും ഉള്ളില്‍ കൃഷിപ്പണിയോടും കർഷകരോടും ഒരു തരംതാണ അവജ്ഞത അവശേഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ഒരു ജോലിയും കിട്ടാത്തവനോട് തൂമ്പ എടുത്ത് ഇറങ്ങാനും പാടത്തെ ചളി കോരാനും നമ്മൾ വിധിക്കുന്നത്. അങ്ങനെ കൃഷിയെ നാലാംകിട വാക്കാക്കി മാറ്റുന്നത്.
വരും തലമുറയ്ക്ക് കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും മറ്റ് വൈറ്റ് കോളേർഡ് ജോലികളെ പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ അഭിമാനത്തോടെ ചെയ്യേണ്ട ഒന്നാണ് കൃഷി എന്നും പറഞ്ഞു കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. സ്വന്തം വയറ് നിറയ്ക്കാന്‍ പോരാടുന്ന നമ്മൾ ഓരോരുത്തരേക്കാൾ എത്രയോ മഹത്തരമാണ് ഒരു ജനതയുടെ വയറ് നിറയ്ക്കാന്‍ മണ്ണിനോട് മല്ലിടുന്ന കൃഷിക്കാരൻറെ സ്ഥാനം.
വിണ്ടുകീറിയ പാദങ്ങളിലും തഴമ്പിച്ച കൈപ്പത്തികളിലും ഊർജം നഷ്ടപെടാതിരിക്കട്ടെ.. തൂമ്പകൾക്ക് കരുത്തേകാൻ ഇനിയും കൈകൾക്ക് കഴിയട്ടെ വീണ്ടും മണ്ണില്‍ വസന്തം വിടരട്ടെ❤️😊
പ്രത്യാശയോടെ കർഷകൻറെ മകൻ
വിഷ്ണു നളിനി

Comments
Post a Comment