വിശപ്പ്

കുഞ്ഞു നാളില്‍ അമ്പിളി മാമനെ കാണിച്ച് അമ്മ ചോറ്‌ വാരി തരുമായിരുന്നു. എന്നിട്ടും രണ്ടുരുള കഴിച്ചാൽ പിന്നെ വായിലേക്ക് വരുന്ന അമ്മ തൻ കൈകളെ തട്ടി ചോറ്‌ കളയുമായിരുന്നു. അന്ന്‌ ആ തൈര് കൂട്ടിക്കുഴച്ച ചോറിന്റെ വില മനസിലായി തുടങ്ങിയിരുന്നില്ല. പിന്നീട് മുതിര്‍ന്നപ്പോള്‍ രാത്രിയില്‍ കിണ്ണത്തിൽ പകുതി ചോറും ബാക്കി വെച്ച് എഴുന്നേൽക്കുമ്പോൾ അമ്മ പറയാറുള്ളൊരു കാര്യമുണ്ട്.
"നിനക്കൊക്കെ തിന്നാൻ കിട്ടിയത് കൂടുതലായിട്ടാ ഈ വേണ്ടന്ന് വെക്കലും എണ്ണീറ്റ് പോവലും. ഒരു നേരം പട്ടിണി കിടന്നാലറിയാം ചോറിന്റെ വില എന്താന്ന്..."
ഒരു പക്ഷേ ആ വാക്ക് പറഞ്ഞു തീര്‍ന്ന ആ ഒരു നിമിഷത്തിൽ എങ്കിലും പട്ടിണി കിടക്കുന്നവൻറെ ദുരിതത്തെയോർത്തിരിക്കാം അമ്മമനസ്സ്‌.

ഈ ലോകത്ത് ഏറ്റവും കൂടുതല്‍ എഴുതപ്പെടേണ്ട വികാരം പ്രണയമല്ല, മറിച്ച് വിശപ്പാണ്. എന്നാല്‍ വിശപ്പ് അനുഭവിക്കാത്തവർക്ക് എത്ര മാത്രം എഴുതാന്‍ കഴിയും വിശപ്പിനെയോർത്ത്? ഓരോ ആഘോഷങ്ങളിലും നമ്മൾ നിത്യവും കണ്ടുമുട്ടുന്ന ചില മുഖങ്ങളുണ്ട്. ഒക്കത്തൊരു കൈകുഞ്ഞുമായ് വര്‍ണശബളങ്ങളായ ബലൂണുകളും കളിപ്പാട്ടങ്ങളുമായി പുഞ്ചിരിച്ചുകൊണ്ട് നമ്മെ സമീപിക്കുന്നവർ. അല്ലെങ്കില്‍ വഴിയില്‍ കാട്ടുപഴങ്ങളും മറ്റുമായി വെയിലിൽ കച്ചവടം നടത്തുന്ന കുരുന്ന് ബാല്യങ്ങൾ. ഇവരെല്ലാം ഓടി തോല്‍പ്പിക്കുന്നത് ഇല്ല്യായ്മകളെയല്ല മറിച്ച് കനലെരിയുന്ന വയറിന്റെ വിശപ്പിനെയാണ്.
പത്തും പതിനഞ്ചും വയസ്സ് മാത്രമുള്ള ഈ തെരുവിന്റെ മക്കള്‍ വിശപ്പിനെ പരിഹസിക്കുകയാണ്. സഹതാപത്തിനേക്കാളേറെ അത്ഭുതമാണ് ഇവരോട്. ഒരു നേരം കഴിക്കാതിരുന്നാൽ തന്നെ വയറ്‌ കത്തുന്ന നമുക്ക്, തൊണ്ട നനയാനും വയറ്‌ നിറയ്ക്കാനും വെള്ളം മാത്രം കിട്ടുന്ന ഇത്തരക്കാരെ ഓര്‍ത്ത്.

ഭക്ഷണപ്രിയരായ ഒരുപാട് പേരുണ്ട് നമുക്കിടയിൽ. ഹോട്ടലുകളില്‍ തീന്‍മേശ നിറയെ ഭക്ഷണം വരുത്തി മുക്കാലും അവിടെ തന്നെ ഉപേക്ഷിച്ച് ഏമ്പക്കം വിട്ട് പോകുന്ന New generation.
ഞാനടക്കമുള്ള യുവത്വം പലപ്പോഴും വിശപ്പിനു വേണ്ടി കഴിക്കുന്നവരല്ല, ആർത്തിക്ക് വേണ്ടി കഴിക്കുന്നവരാണ്. എന്നാല്‍ ആ ആഢംബര ഹോട്ടലുകളിലും കാണാം അധ്വാനിച്ച് ജീവിക്കുന്ന ഒരു നേരമെങ്കിലും വയറ് നിറയ്ക്കാനായ് ശ്രമിക്കുന്നവർ.

എന്നും കാലത്ത്‌ ജോലിക്ക് പോകുമ്പോള്‍ കാണുന്ന ഒരു കാഴ്ചയുണ്ട്. എട്ട് വയസ് തോന്നിക്കുന്ന ഒരു തമിഴ് പയ്യന്‍ കാഴ്ചയില്ലാത്ത അച്ഛനെ കൂട്ടി കൈ നീട്ടാനിറങ്ങുന്നത്. സ്കൂളിൽ പോകേണ്ട  പ്രായത്തില്‍ കാഴ്ചശക്തിയില്ലാത്ത അച്ഛനെയും കൂട്ടി വിശപ്പിനോട് പട പൊരുതാനിറങ്ങിയവൻ.
ഒരിക്കല്‍ പോലും ഞാന്‍ അവനെ സഹായിച്ചിട്ടില്ല. വിശക്കുന്നവൻറെ വേദനയെക്കാൾ ഞാന്‍ പ്രാധാന്യം നല്‍കിയത് ലൈക്കുകളും സപ്പോര്‍ട്ടും വാരി കൂട്ടാവുന്ന വിഷയങ്ങൾക്കായിരുന്നു. ഒരു പക്ഷേ ഫേസ്ബുക്ക് കാണിച്ച വിശക്കുന്ന മുഖങ്ങളെ കണ്ടത് കൊണ്ട് മാത്രം ഉടലെടുത്ത തൂലികയാണ് ഇന്നെന്റെ.

വിശപ്പ് അപകടകാരിയായ ഒരു വികാരമാണ്. വിശന്നിരിക്കുന്നവന് നിയമത്തെ ഭയക്കേണ്ടതില്ല, ശരിയോ തെറ്റോ മാനിക്കേണ്ടതില്ല. കാരണം അവന്റെ ലക്ഷ്യം ഭക്ഷണം മാത്രമാണ്.
കടം കേറിയും പട്ടിണി മൂലവും ആത്മഹത്യ ചെയ്യുന്നവരുടെ നാടാണ് ഇന്ത്യ. പശുവിനെ കഴിച്ചവരെ തല്ലി കൊന്ന്, അതിൽ പ്രതിഷേധിച്ച് ബീഫ് കഴിച്ച് ആഘോഷിക്കുന്നവരുടെ രാജ്യമാണ് ഭാരതം. വിശന്നിട്ട് അന്നം കട്ടവനെ കെട്ടിയിട്ട് കല്ലെറിഞ്ഞ് കൊന്ന ആർഷഭാരതം.

ഇനിയും നമ്മള്‍ പശുവും മതിലും മതവുമായി മുന്നേറിയാൽ ഇന്ന്‌ വിശന്ന് കൈ നീട്ടിയവർ നാളെ ആ കൈ കൊണ്ട് കഠാര വീശുന്ന സ്ഥിതിയിലേക്ക് എത്തും. വിശക്കുന്ന മനുഷ്യനെ അപകടകാരിയാക്കാതെ വിശക്കുന്നവർക്ക് അന്നം എത്തിക്കാന്‍ കഴിയണം. ദേവാലയങ്ങളിലെ പ്രവേശനങ്ങളെക്കാളും മതിലുകള്‍ കെട്ടിപ്പടുക്കന്നതിനെക്കാളും വിശക്കുന്ന വയറുകളിൽ അന്നമെത്തിക്കാനാണ് കഴിയേണ്ടത്.

ഒരുപാട് സമ്പാദ്യം ഒന്നുമില്ലെങ്കിലും ആർത്തിയിൽ നിന്ന്‌ വിശപ്പിലേക്ക് ഒതുങ്ങുകയാണ്. ഒരാളുടെ വിശപ്പെങ്കിലും എന്നെ കൊണ്ട് മാറ്റാന്‍ കഴിയും എന്ന് വിശ്വാസമുണ്ട്. എന്റെ കണ്‍മുന്നില്‍ എങ്കിലും പട്ടിണി ഇല്ലാതാവട്ടെ....
                          വിഷ്ണു നളിനി

Comments

Popular Posts